
മടവൂർ: കാർഷികവിള നശിപ്പിക്കുന്ന വന്യമൃഗങ്ങൾക്ക് ശാശ്വത പരിഹാരമായി സോളാർവേലി പദ്ധതിക്ക് തുടക്കമിട്ട് മടവൂർ പഞ്ചായത്ത്(Solar Power). കൃഷിയിടം സോളാർവേലി കെട്ടി സംരക്ഷിക്കുന്ന 10.2ലക്ഷം രൂപയുടെ പദ്ധതിയാണിത്. ചെലവാകുന്ന തുകയിൽ 50% കർഷകർക്ക് സബ്സിഡിയായി മടക്കി ലഭിക്കും. ഒരു കർഷകന് 30000 രൂപയാണ് പരമാവധി സബ്സിഡി ലഭിക്കുക. ഒരു ചതുരശ്രമീറ്റർ സോളാർവേലിക്ക് ഏകദേശം 320 രൂപാ നിരക്കാണ് അംഗീകൃത ഏജൻസികൾ ഈടാക്കുന്ന തുക.
ഇത്തരത്തിൽ സോളാർവേലിയ്ക്കായി 54 കർഷകർ പഞ്ചായത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. സോളാർവേലി കെട്ടിയ കൃഷിയിടം കഴിഞ്ഞ ദിവസം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അറുകാഞ്ഞിരം വാർഡിൽ പണിപൂർത്തിയായ സോളാർവേലിയുടെ ഉദ്ഘാടനചടങ്ങിൽ പഞ്ചായത്തംഗം ഇന്ദുരാജീവ്,മടവൂർ സഹകരണ സംഘം പ്രസിഡന്റ് മുരളീധരൻനായർ,ആശാ ബി.നായർ തുടങ്ങിയവർ പങ്കെടുത്തു.