
തിരുവോണ നാളിൽ പൂവട ഉണ്ടാക്കി തൃക്കാക്കരയപ്പന് നേദിച്ച ശേഷം ആണ് ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. മിക്കവീടുകളിലും പ്രാതലിനും ഇതു തന്നെ ആയിരിക്കും. പൂവട ഉണ്ടാക്കുന്ന രീതിയിലും ഓരോ സ്ഥലത്തും വ്യത്യാസം ഉണ്ട്. പൂവിളികള്‍ക്കും പൂക്കളത്തിനുമൊപ്പം മഹാബലിയെ വരവേല്‍ക്കാന്‍ രുചികരമായ പൂവടയുണ്ടാക്കാം.
ചേരുവകൾ
നന്നായി വറുത്ത പച്ചരിപ്പൊടി - 1 കപ്പ്
തിളച്ച വെള്ളം - 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് - 1 ടീസ്പൂൺ
നന്നായി പഴുത്ത ഏത്തപ്പഴം – ഒന്ന് , ചെറിയ കഷണങ്ങളാക്കിയത്
ശർക്കര – 100 ഗ്രാം പൊടിച്ചത്
തേങ്ങ – 4 ടീസ്പൂണ്‍ ചുരണ്ടിയത്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ
തയാറാക്കുന്ന വിധം
വറുത്തുവച്ച അരിപ്പൊടിയിലേക്ക്, ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളവും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. കുറച്ചു ലൂസായി വേണം കുഴയ്ക്കാന്‍. നന്നായി വൃത്തിയാക്കിയ വാഴയിലയിൽ അല്പം നെയ്യ് തടവി മാവ് പരത്തുക.
തേങ്ങ, ശര്‍ക്കര, ഏലക്കാപ്പൊടി, ഏത്തപ്പഴം എന്നിവ നന്നായി മിക്സ് ചെയ്ത് മാവിൽ വെച്ച് വാഴയില കൂട്ടി നടു മടക്കിയെടുക്കുക.
ഒരു അപ്പച്ചെമ്പില്‍ വെള്ളമൊഴിച്ച്, തട്ടില്‍ വെച്ച് അട ആവി കയറ്റി 15–20 മിനിറ്റ് വേവിക്കുക. വിളമ്പുന്ന സമയം വരെ ഈ പൂവട വാഴയിലയിൽ തന്നെ സൂക്ഷിക്കുക.