
മണപ്പുറം ഫൗണ്ടേഷന് കീഴിലുള്ള മണപ്പുറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ ഡെവലപ്മെൻ്റിൽ (മാസ്കിൽ) 15 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ബ്യൂട്ടി ആൻ്റ് വെൽനെസ് സ്കിൽ സൗജന്യ പരിശീലനത്തിന് തുടക്കമായി. മണപ്പുറം അക്വാട്ടിക് കോംപ്ലക്സിൽ നടന്ന ചടങ്ങ് സാമൂഹ്യ നീതി - ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
കടുത്ത ആന്തരിക സംഘർഷങ്ങളും യാതനകളുമനുഭവിക്കുന്ന ട്രാൻസ്ജെൻഡർമാരെ ചേർത്തു പിടിക്കാനും അവർക്ക് താങ്ങാകാനും മുന്നോട്ടു വരുന്ന മണപ്പുറം ഫൗണ്ടേഷനെ മന്ത്രി ബിന്ദു അഭിനന്ദിച്ചു. ട്രാൻസ്ജെൻഡർമാരെ ഉൾക്കൊള്ളാനുള്ള ഒരു മനോഭാവമാറ്റം സമൂഹത്തിലുണ്ടാകേണ്ടതുണ്ട്. വരുമാനത്തിനുള്ള തൊഴിൽ അവർകിട്ടുന്നത് ഇതിനുള്ള വലിയ പിന്തുണയാകും. ഒരുപാട് ട്രാൻസ്ജെൻഡറുകൾ മേക്കപ്പ്, ഡിസൈനിങ്ങ് മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. മാ സ്കില്ലിൽ പരിശീലനം ലഭിക്കുന്ന ട്രാൻസ്ജെൻഡറുകൾ
ഭാവിയിൽ സെലിബ്രിറ്റികളായി മാറട്ടെ എന്ന് മന്ത്രി ആശംസിച്ചു. പദ്ധതിക്കായുള്ള
2,30,000 രൂപയുടെ ചെക്ക് ചടങ്ങിൽ വച്ച് കൈമാറി.
തൃക്കാക്കര ഭാരത് മാതാ എക്സ്റ്റൻഷൻ ഫോർ ഓർഗാനിക് റിസർച്ച് ആൻ്റ് എൻവയോൺമെൻ്റിൻ്റെ (ബിഫോർ) സഹകരണത്തോടെയാണ് സൗജന്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.
എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. ചന്ദ്രഭാനു മുഖ്യപ്രഭാഷണം നടത്തി. 'ബിഫോർ' ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ഡോ. എൽ. ആര്യാ ചന്ദ്രൻ, മാസ്കിൽ ട്രെയ്നറായ ട്രാൻസ് വുമൺ ഗംഗ നിഹാരിക എന്നിവർ ആശംസ നേർന്നു. ട്രാൻസ്ജെൻഡേഴ്സിനെ ചേർത്തു പിടിക്കുന്നതിനെക്കുറിച്ച് പലരും പറയാറുണ്ടെങ്കിലും മണപ്പുറം ഫൗണ്ടേഷനാണ് ഒന്നുമല്ലാതിരുന്ന തന്നെ ആത്മാർഥമായി ചേർത്തുപിടിച്ച് ശാക്തീകരിച്ചതെന്ന് ഗംഗാ നിഹാരിക പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സിഎസ്ആർ ഹെഡ് ശിൽപ തെരേസ സെബാസ്റ്റ്യൻ സ്വാഗതവും മാ സ്കിൽ സെൻ്റർ ഹെഡ് ആർ ശ്രീനാഥ് നന്ദിയും പറഞ്ഞു.