പാലക്കാട്: ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തൻ്റെയും കുടുംബത്തിൻ്റെയും ജീവന് ഭീഷണി ഉയർത്തുന്നുവെന്ന് ആരോപിച്ച് ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനായകുമാർ പോലീസിൽ പരാതി നൽകി (Sobha Surendran Threat Voice Note). പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കൂടിയായ ശോഭാ സുരേന്ദ്രൻ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ശബ്ദരേഖയും ബിന്ദു പുറത്തുവിട്ടു.
പാലക്കാട്ടെ വോട്ടർക്ക് പണം നൽകാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പിടിയിലായ ഒരു സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്ന് ആരോപിച്ചായിരുന്നു ശോഭയുടെ ഫോൺ വിളി. “നിങ്ങൾ ബിജെപി പ്രവർത്തകയല്ലേ?” എന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന സംഭാഷണത്തിൽ, ബിന്ദുവിനെ “അടിച്ച് പണിക്കുറ്റം തീർക്കും” എന്ന് ശോഭ പറയുന്നതായി ശബ്ദരേഖയിൽ കേൾക്കാം.
വോട്ടർക്ക് പണം നൽകാൻ എത്തിയ സ്ത്രീ ഉപയോഗിച്ചത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറാണെന്നും ഇതിന് പിന്നിൽ ബിന്ദുവാണെന്നും ശോഭ ആരോപിക്കുന്നു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചതായും ബിന്ദു പരാതിയിൽ പറയുന്നു. വെള്ളിിയാഴ്ചയാണ് ഈ കോൾ വന്നതെന്നും അവർ വ്യക്തമാക്കി. തനിക്കെതിരെയുള്ള നീക്കങ്ങൾ പാർട്ടി സംസ്ഥാന അധ്യക്ഷന് പരാതിയായി നൽകുമെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ശബ്ദരേഖയിൽ പറയുന്നുണ്ട്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ പാർട്ടിക്കുള്ളിൽ നിന്നുതന്നെയുണ്ടായ ഈ ആഭ്യന്തര കലഹം ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary:
Bindu Vinayakumar, BJP Alappuzha North District Vice President, has filed a police complaint against BJP leader Sobha Surendran for allegedly threatening her over the phone. A leaked voice note reveals Sobha accusing Bindu of being behind a woman caught distributing money to voters in Palakkad. Sobha can be heard saying she would “settle the score” (pnikkuttam theerkkum) and take legal action. Bindu alleged that Sobha used abusive language and threatened her family’s safety.

