തിരുവനന്തപുരം: സി.പി.ഐ നേതൃത്വത്തിനെതിരെയും വിമർശിക്കുന്നവർക്കെതിരെയും കടുത്ത പരിഹാസവുമായി എസ്.എൻ.ഡി.പി യോഗം മുഖമാസികയായ 'യോഗനാദ'ത്തിലെ ലേഖനം. സി.പി.ഐ മൂഢസ്വർഗത്തിലാണെന്നാണ് ഇതിൽ പരാമർശമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള സൗഹൃദത്തെയും കാർ യാത്രയെയും വിവാദമാക്കുന്നവർക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും ഇതിൽ കുറ്റപ്പെടുത്തി.(SNDP Yogam mouthpiece criticizes CPI)
ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക സമുദായങ്ങളാണ് ഇടതുപക്ഷ പാർട്ടികളുടെ നട്ടെല്ല്. എന്നാൽ സി.പി.ഐയുടെ പുതിയ നേതാക്കൾക്ക് ആ ബോധ്യമില്ല. സി.പി.എമ്മുമായുള്ള ബന്ധം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് വാദിക്കുന്നവർ മൂഢസ്വർഗത്തിലാണ് കഴിയുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്തത് വലിയൊരു രാജ്യദ്രോഹക്കുറ്റം ചെയ്തത് പോലെയാണ് ചിലർ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. ഒരു ഉന്നത ജാതിക്കാരനോ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നേതാവോ ആണ് മുഖ്യമന്ത്രിയുടെ വാഹനത്തിൽ ഇരുന്നതെങ്കിൽ ഇത്തരത്തിൽ ചർച്ചകൾ ഉണ്ടാകുമായിരുന്നോ എന്ന് ലേഖനത്തിൽ ചോദിക്കുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത സ്നേഹബന്ധമാണുള്ളത്. വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കാറിൽ കയറ്റിക്കൊണ്ടുപോയതിൽ എന്ത് തെറ്റാണുള്ളതെന്നും ലേഖനത്തിൽ ചോദിച്ചു.