ആലപ്പുഴ: സംയുക്ത സമുദായ നീക്കത്തിൽ നിന്ന് എൻഎസ്എസ് ഏകപക്ഷീയമായി പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കടുത്ത മൗനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരുവരും ഒഴിഞ്ഞുമാറി.(SNDP surprised by NSS withdrawal from alliance)
ജി. സുകുമാരൻ നായർ ഇത്ര പെട്ടെന്ന് ഒരു പിന്മാറ്റം പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എൻഡിഎയുമായുള്ള ബന്ധമാണ് ഐക്യത്തിന് തടസ്സമെന്ന എൻഎസ്എസ് വാദത്തോട് എന്ത് മറുപടി നൽകണമെന്നതിൽ തുഷാർ വെള്ളാപ്പള്ളി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. "പ്രതികരണം പിന്നീട്" എന്ന് മാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
തുഷാർ എത്തിയ ശേഷം എസ്എൻഡിപി ഡയറക്ടർ ബോർഡ് യോഗം ചേരാനിരിക്കുകയാണ്. സംഘടനയ്ക്കുള്ളിലെ വികാരം കൂടി പരിഗണിച്ച ശേഷമേ ഔദ്യോഗിക പ്രതികരണം ഉണ്ടാവുകയുള്ളൂ എന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസിനെ കൂട്ടുപിടിച്ച് വലിയ മുന്നേറ്റം ലക്ഷ്യമിട്ടിരുന്ന വെള്ളാപ്പള്ളിക്ക്, ജി. സുകുമാരൻ നായരുടെ പരസ്യമായ തള്ളിപ്പറച്ചിൽ വലിയ തിരിച്ചടിയാണ്.