കൊച്ചി : എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി.വിജിലന്‍സ് സംഘം മൂന്ന് മാസത്തിനകം എല്ലാ കേസുകളിലെയും അന്വേഷണം പൂര്‍ത്തിയാക്കണമെന്നും എസ്പി എസ്.ശശീധരന്‍ തന്നെ കേസ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു.
ശശീധരന്‍ വിജിലന്‍സ് എറണാകുളം എസ്പിയായിരുന്ന ഘട്ടത്തിലാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.ഇതിനെതിരെ എസ്എന്‍ഡിപി സംരക്ഷണ സമിതി നേതാവ് എംഎസ് അനില്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
2016-ല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തശേഷം കൂടിയ പലിശയ്ക്ക് എസ്എന്‍ഡിപി സംഘങ്ങള്‍ക്ക് മറിച്ച് നല്‍കി അധിക ലാഭമുണ്ടാക്കിയെന്ന പരാതിയാണ് കേസിനാധാരം.