Liver transplant: നിറചിരിയോടെ അനഘേന്ദു; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 14 വയസ്സുകാരി തിരികെ സ്‌കൂളിലേക്ക്

Liver transplant
Published on

അമ്മ പകുത്ത് നല്‍കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്‌കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തന രഹിതമായ നിലയിലായിരുന്നു 14 വയസ്സുകാരി അനഘേന്ദുവിനെ തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെത്തിക്കുന്നത്. രോഗാവസ്ഥ ഏറെ ഗുരുതരമായതിനാല്‍ എത്രയും വേഗം കരള്‍ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു അനഘേന്ദുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം. തുടര്‍ന്ന് അടിയന്തിരമായി കുട്ടിയുടെ അമ്മയില്‍ നിന്ന് തന്നെ കരള്‍ സ്വീകരിച്ച് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവേയാണ് ഒരാഴ്ചയിലേറെയായുള്ള മഞ്ഞപ്പിത്തവും, അബോധാവസ്ഥയിലുമായിരുന്ന കുട്ടിയെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് കിംസ്‌ഹെല്‍ത്തിലേക്ക് മാറ്റുന്നത്. വിശദപരിശോധനയില്‍ കുട്ടിയുടെ കരള്‍ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ലിവര്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റുകയും ലിവര്‍ സപ്പോര്‍ട്ടീവ് കെയര്‍ നല്‍കുവാനാരംഭിക്കുകയും ചെയ്തു. അമോണിയ ലെവല്‍ ക്രമാതീതമായി ഉയര്‍ന്നത് കാരണം കുട്ടിയെ തെറാപ്യൂട്ടിക് പ്ലാസ്മ എക്‌സ്‌ചേഞ്ചിന് വിധേയമാക്കുകയും ഡയാലിസ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തലച്ചോറിലെ നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമായതിനാല്‍ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഈ സംവിധാനങ്ങള്‍ക്കിടയിലും നീര്‍ക്കെട്ട് കൂടുതല്‍ ഗുരുതരമാവുകയും ആരോഗ്യനില കൂടുതല്‍ അപകടകരമായിമാറുകയും ചെയ്ത സാഹചര്യത്തില്‍ കരള്‍ മാറ്റിവയ്ക്കുക എന്നത് അനിവാര്യമായി.

അടിയന്തിരമായി ശസ്ത്രക്രിയ നടത്തേണ്ടുന്ന സാഹചര്യത്തില്‍ അനഘേന്ദുവിന്റെ അമ്മ തന്നെ മകള്‍ക്ക് കരള്‍ പകുത്ത് നല്‍കുവാന്‍ സന്നദ്ധമായി മുന്നോട്ടുവന്നു. ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അനഘേന്ദുവിന്റെ കുടുംബത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇതിനായി കാത്തുനില്‍ക്കാതെ തന്നെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം അനഘേന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി കിംസ്ഹെല്‍ത്ത് നല്‍കിയ സാമ്പത്തിക സഹായത്തിനൊപ്പം, സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെയും വകുപ്പ് ഉദ്യാഗോസ്ഥരുടെയും സമയോചിത ഇടപെടലുകളിലൂടെ അനഘേന്ദുവിനുള്ള ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാകുകയും ചെയ്തു. കൂടാതെ സുമനസ്സുകളില്‍ നിന്നും ലഭിച്ച തുകയും അനഘേന്ദുവിനും അമ്മയ്ക്കും ചികിത്സ പൂര്‍ത്തിയാക്കാന്‍ താങ്ങായി.

ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോര്‍ഡിനേറ്ററുമായ ഡോ. ഷബീറലി ടി.യു, ട്രാന്‍സ്പ്ലാന്റ് സര്‍വ്വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ചെയറുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് കരള്‍ മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയത്.

കരള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ത്തന്നെ 100 ശതമാനവും മരണസാദ്ധ്യതയുണ്ടായിരുന്ന ശസ്ത്രക്രിയയായിരുന്നു ഇത്. എന്നാല്‍ കിംസ്‌ഹെല്‍ത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പരിശ്രമത്താല്‍ അമ്മയുടേയും കുട്ടിയുടേയും മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടുവരാന്‍ സാധിച്ചു. ഇന്റന്‍സിവിസ്റ്റുകള്‍, അനസ്‌തെറ്റിസ്റ്റുകള്‍, വിദഗ്ധരായ നഴ്‌സിംഗ് ടീം തുടങ്ങി ഒന്നിലധികം വിഭാഗങ്ങളുടെ നിരന്തര ശ്രദ്ധയും പരിചരണവും ഈ സമയങ്ങളില്‍ അത്യന്താപേക്ഷിതമാണ് - ഡോ. ഷബീറലി, ഡോ. ഷിറാസ് എന്നിവര്‍ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായതിനൊപ്പം കരളിന്റെ പ്രവര്‍ത്തനങ്ങളും നിയന്ത്രണവിധേയമായി. 3 ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം പൂര്‍ണാരോഗ്യത്തോടെ അനഘേന്ദു വീട്ടിലേക്ക് മടങ്ങി. രണ്ടു മാസത്തിനുള്ളില്‍ അനഘേന്ദു സ്‌കൂളില്‍ പോയിത്തുടങ്ങും.

ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് & ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ഹാഷിര്‍ എ, ഡോ. പ്രിജിത് ആര്‍.എസ്, ഡോ. അഭിജിത് ഉത്തമന്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹെപ്പറ്റോളജി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനു കെ വാസു, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനോജ് കെ.എസ്, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. ഷിജു കുമാര്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.

Related Stories

No stories found.
Times Kerala
timeskerala.com