കൊച്ചി: കേരളത്തിൽ റെക്കോർഡുകൾ ഭേദിച്ച് ഒരു ലക്ഷം കടന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,03,920 രൂപയായി.(Slight relief from record jump in gold price in the state)
ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,990 രൂപ എന്ന നിരക്കിലെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി വർധിച്ചുകൊണ്ടിരുന്ന വിലയിൽ നേരിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ മാറ്റം. എന്നാൽ, പണിക്കൂലിയും ജിഎസ്ടിയും മറ്റ് നികുതികളും കൂടി ചേരുമ്പോൾ ഉപഭോക്താവ് നൽകേണ്ടി വരുന്ന തുക ഇതിലും ഉയരും.
മാസത്തിന്റെ തുടക്കത്തിൽ 95,680 രൂപയായിരുന്നു വില. ഒക്ടോബർ 9-ന് രേഖപ്പെടുത്തിയ 94,920 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ ചൊവ്വാഴ്ച പവന് 1760 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്ന് ചരിത്രം കുറിച്ചത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രധാനമായും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ വരുത്തിയ മാറ്റം, രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങൾ, ആഗോള ഓഹരി വിപണിയിലെ അസ്ഥിരത എന്നിവ സ്വർണവിലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
വെള്ളി വിലയിലും കുറവ്
സ്വർണത്തിന് പിന്നാലെ വെള്ളിവിലയും ഇന്ന് കുറഞ്ഞു. കിലോഗ്രാമിന് 4000 രൂപയുടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു കിലോ വെള്ളിക്ക് 2,81,000 രൂപ, ഒരു ഗ്രാം വെള്ളിക്ക് 281 രൂപ എന്നിങ്ങനെയാണ് വില.