തൃശൂർ : മുത്തച്ഛന്റെ കൂടെ വീട്ടിൽ ഉറങ്ങിക്കിടന്ന ആറു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് തച്ചാട്ട് വീട്ടിൽ നന്ദുമുകുന്ദന്റെയും ലക്ഷ്മിയുടെയും മകൾ അനാമികയാണ് മരണപ്പെട്ടത്. തളിക്കുളം സിഎംഎസ് യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തളിക്കുളം പുളിയംതുരുത്തിലെ വാടകവീട്ടിലെ താമസക്കാരാണ് കുടുംബം.
ചൊവ്വാഴ്ച രാത്രി പാമ്പു കടിയേറ്റെന്നാണ് നിഗമനം. ഉറക്കത്തിൽ കാലിൽ കടുത്ത വേദനയോടെ ഉണർന്ന അനാമിക വയറു വേദനിക്കുന്നതായും വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ അനാമികയെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ കുറച്ചുനേരം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം മരുന്നും നൽകി തിരികെ വീട്ടിലെത്തി.
ബുധനാഴ്ച രാവിലെയോടെ അനാമികയുടെ കാലിൽ നീരുവച്ചു. കാഴ്ച മങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. രക്തപരിശോധനയിലാണു പാമ്പിൻവിഷം രക്തത്തിൽ കലർന്നതായി കണ്ടെത്തിയത്. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.