തൊടുപുഴ: പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ സീതയുടെ മരണം കൊലപാതകം. കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്ന് ഫൊറൻസിക് സർജൻ. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞത്. സംഭവത്തിൽ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. .
ഗോത്രവിഭാഗത്തിൽപെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്നാണ് ബിനു ഇന്നലെ പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയിൽ നിന്നു മൂന്നര കിലോമീറ്റർ അകലെ മീൻമുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2 നാണ് സംഭവമെന്നും കാട്ടുപൊന്തയുടെ മറവിൽ നിന്നിരുന്ന ആനയുടെ മുന്നിൽ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നൽകിയിരുന്നു. മുന്നിൽ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും ബിനു പറഞ്ഞു.
ബിനു ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നു ബന്ധുക്കളും വനപാലകരുമെത്തി. തലയ്ക്കു പരുക്കേറ്റ് അവശയായ സീതയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.