'ദേവസ്വം ബോർഡ് ആർക്കോ വേണ്ടി പ്രവർത്തിച്ചു, അട്ടിമറിക്ക് കൂട്ട് നിന്നു' : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക മിനുട്ട്സ് ബുക്ക് പിടിച്ചെടുത്ത് SIT | Sabarimala

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തലുകൾ
SIT seizes crucial minutes book in Sabarimala gold theft case
Published on

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. രേഖകളിൽ നിന്ന് തന്നെ അട്ടിമറി വ്യക്തമാണെന്നും എസ്ഐടി കോടതിയെ അറിയിച്ചു.(SIT seizes crucial minutes book in Sabarimala gold theft case)

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്ഐടിയുടെ നിർണായക കണ്ടെത്തലുകൾ. 2019-ൽ സ്വർണപ്പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിറ്റ്‌സ് ബുക്ക് എസ്ഐടി പിടിച്ചെടുത്തു. ഈ പരിശോധനയിലാണ് നിർണായകമായ രേഖകൾ ലഭിച്ചത്. രേഖകൾ കൈമാറുന്നതിൽ ബോർഡ് വൈമുഖ്യം കാണിക്കുന്നുണ്ടെന്നും പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് രേഖകൾ നൽകുന്നതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

കവർച്ച മറച്ചുവയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സർക്കാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വർണം നഷ്ടപ്പെട്ടതിൻ്റെ ഉത്തരവാദികൾ ആരാണെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

2019-ലെ സ്വർണക്കവർച്ച മറച്ചുവയ്ക്കാനായിരിക്കണം ഈ വർഷവും സ്വർണം പൂശുന്നതിനുള്ള ചുമതല സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെ ഏൽപ്പിച്ചതെന്ന ഹൈക്കോടതിയുടെ നിഗമനം സർക്കാരിനും ബോർഡിനും വലിയ തിരിച്ചടിയായി. ദ്വാരപാലക ശിൽപങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശിച്ചതോടെ ശബരിമല സ്വർണക്കവർച്ച അന്വേഷണത്തിൻ്റെ ഗതി മാറും.

ശബരിമല സ്വർണക്കൊള്ളക്കേസിൽ കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 30 വരെയാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സാധനങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. രണ്ട് ലക്ഷം രൂപയും സ്വർണനാണയങ്ങളുമടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇവ ശബരിമല സ്വർണക്കൊള്ളയുടെ ഭാഗമായി ലഭിച്ചതാണെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കേസിൽ പ്രതിചേർത്ത ഉദ്യോഗസ്ഥരുടേതടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ നടക്കും. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ തന്നെ തെളിവെടുപ്പിനായും കൊണ്ടുപോകും.

Related Stories

No stories found.
Times Kerala
timeskerala.com