പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ഒളിവിൽ പോകാൻ എംഎൽഎ ഉപയോഗിച്ച ചുവന്ന പോളോ കാർ നൽകിയ സിനിമാ നടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്ഐടി ശേഖരിച്ചു.(SIT seeks information from film actress who gave Rahul Mamkootathil the red car)
ബെംഗളൂരുവിലുള്ള നടിയെ ഫോണിൽ വിളിച്ചാണ് പോലീസ് സംഘം വിവരങ്ങൾ തേടിയത്. രാഹുലിന് കാർ കൈമാറിയത് ഏത് സാഹചര്യത്തിലാണെന്ന് പോലീസ് ചോദിച്ചറിഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നൽകിയ മറുപടി.
രാഹുലിനെതിരെ കേസെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാർ എന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാലക്കാട് നിന്നും രാഹുൽ രക്ഷപ്പെട്ടത് ഈ കാറിലാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിക്കുകയും ചെയ്തു.
ചുവന്ന കാർ പാലക്കാട്ടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. രാഹുലിനെ രക്ഷപ്പെടാൻ നേതാവ് സഹായിച്ചോ എന്ന കാര്യവും എസ്ഐടി പരിശോധിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ പാലക്കാട് നിന്ന് ചുവന്ന പോളോ കാറിൽ രാഹുൽ ആദ്യം പോയത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്കാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തുടർന്ന് ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് കോയമ്പത്തൂരിലേക്ക് കടന്നത്.
കോയമ്പത്തൂരിൽ നിന്ന് കർണാടക-തമിഴ്‌നാട് അതിർത്തിയായ ബാഗല്ലൂരിൽ എത്തിയ രാഹുൽ, ഞായറാഴ്ച വരെ അവിടെ ഒരു റിസോർട്ടിൽ ഒളിച്ചുതാമസിച്ചു. ഇന്നലെ രാവിലെ അന്വേഷണ സംഘം സ്ഥലത്തെത്തുമെന്ന വിവരം ലഭിച്ചതോടെ അവിടെ നിന്ന് രാഹുൽ മുങ്ങി. അവിടെ നിന്നും കർണാടകയിലേക്ക് പോയെന്നാണ് വിവരം. കാറുകൾ മാറി മാറി ഉപയോഗിച്ചാണ് രാഹുലിന്റെ യാത്രയെന്നാണ് പോലീസ് സംശയിക്കുന്നത്.
ബെംഗളൂരുവിലെയും കർണാടകയിലെ ഉൾപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഒളിവിൽ തുടരുകയാണെന്നാണ് വിവരം. ഏഴാം ദിവസവും രാഹുൽ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ പോലീസ് സംഘം കർണാടകയിലെത്തി വ്യാപക പരിശോധന നടത്തുകയാണ്. ബെംഗളൂരുവിലും പരിസരപ്രദേശങ്ങളിലും രാത്രിയും രാവിലെയുമായി പോലീസ് പരിശോധന നടത്തി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗർഭഛിദ്രത്തിനും ഭീഷണിപ്പെടുത്തിയതിനും തെളിവുകൾ ശേഖരിച്ചു. ഗർഭഛിദ്രത്തിന് ശേഷം പെൺകുട്ടി മോശമായ ശാരീരിക-മാനസിക അവസ്ഥയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകി.
രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴിയും രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്നായിരുന്നു എസ്ഐടിയുടെ പ്രാഥമിക നിഗമനം. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് പോയെന്നും സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നുമാണ് കെയർടേക്കറുടെ മൊഴി.
കഴിഞ്ഞ രണ്ടാഴ്ചയായി ചുവന്ന കാർ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും, വ്യാഴാഴ്ചയ്ക്ക് ശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ലെന്നും കെയർടേക്കർ മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ഇന്നലെ രാഹുലിനെതിരെ മറ്റൊരു പീഡന പരാതി കൂടി പുറത്തുവന്നു. കെപിസിസി നേതൃത്വത്തിന് ലഭിച്ച പരാതി പോലീസിന് കൈമാറിയിട്ടുണ്ട്. ഈ പരാതിയിൽ പോലീസ് കേസെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.