തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ദീർഘകാലമായി തിരച്ചിലിലായിരുന്ന നിർണ്ണായക രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തെ മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് രേഖകൾ കണ്ടെടുത്തത്.(SIT finds crucial documents from Devaswom headquarters in Sabarimala gold theft case)
1998-99 കാലഘട്ടത്തിൽ വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് കണ്ടെത്തിയത്. ഈ ഫയലിൽ 420 പേജുകളാണ് ഉള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിന്റെ രേഖകളും ഇതിൽ ഉൾപ്പെടുന്നു.
ദേവസ്വം ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഈ നിർണ്ണായക രേഖകൾ കണ്ടെടുത്തത്. രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) നേരത്തെ ദേവസ്വം ബോർഡിന് മുന്നറിയിപ്പ് നൽകിയിരുന്നു.
കണ്ടെത്തിയ രേഖകൾ ഉടൻ തന്നെ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കൈമാറും. ഇതോടെ സ്വർണ്ണം പൂശിയതിന്റെ അളവ് സംബന്ധിച്ചും, നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർത്ഥ അളവ് കണ്ടെത്താനുമുള്ള എസ്.ഐ.ടി.യുടെ അന്വേഷണം കൂടുതൽ വേഗത്തിലാകും.
എന്നാൽ ദേവസ്വം ബോർഡ് നടത്തിയ തിരച്ചിലിൽ രേഖകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും, രേഖകൾ കണ്ടെത്താൻ ദേവസ്വം കമ്മീഷണറേയും സ്പെഷ്യൽ ഓഫീസറേയും ചുമതലപ്പെടുത്തിയെന്നും ബോർഡ് എസ്.ഐ.ടിക്ക് മറുപടി നൽകിയിരുന്നു.
ഇതിന് പിന്നാലെ എസ്.ഐ.ടി. ദേവസ്വം ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ കണ്ടെത്തിയത്. ശബരിമലയിൽ വിജയ് മല്യ ഏതളവിലാണ് സ്വർണം പൊതിഞ്ഞത് എന്നതിൻ്റെ നിർണ്ണായക വിവരങ്ങൾ ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ദേവസ്വം ആസ്ഥാനത്ത് പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.
എത്ര അളവിലാണ് സ്വർണം പൊതിഞ്ഞതെന്ന് കൃത്യമായ വിവരമില്ലെന്നത് അന്വേഷണ സംഘത്തിന് മുന്നിൽ ഇതുവരെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 30.8 കിലോയോളം സ്വർണം പൊതിഞ്ഞു എന്നതായിരുന്നു വിജയ് മല്യയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ അവകാശവാദം.
പുതിയ രേഖകളുടെ വെളിച്ചത്തിൽ, ഇതിന്റെ നിജസ്ഥിതി പരിശോധിക്കാനും നഷ്ടപ്പെട്ടത് എത്രമാത്രം സ്വർണമാണെന്ന് കൃത്യമായി കണ്ടെത്താനും അന്വേഷണ സംഘത്തിന് സാധിക്കും. ഇതോടെ അന്വേഷണം കൂടുതൽ വേഗം കൈവരിക്കും.