കൊല്ലം: പത്തനാപുരത്ത് നടന്ന ഒരു ചടങ്ങിൽ ലഹരി ഉപയോഗത്തിനെതിരെ എസ്.ഐ. ഷാനവാസ് നടത്തിയ പ്രസംഗം സൈബർ ഇടങ്ങളിൽ വലിയ തരംഗമായി മാറുന്നു. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പ്രസംഗത്തിൽ, രക്ഷിതാക്കൾ കുട്ടികളുടെ കാര്യത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് അദ്ദേഹം ഊന്നൽ നൽകിയത്.(SI's speech on drug use goes viral, also draws criticism)
ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച മകൻ, അത് ബൈക്കിന്റെ മൈലേജ് കൂട്ടാനുള്ള സാധനമാണെന്ന് പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. ലഹരി ഉപയോഗം മൂലം കണ്ണുകൾ തൂങ്ങുന്നത് മറയ്ക്കാനാണ് പല ആൺകുട്ടികളും കണ്ണെഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ കണ്ണെഴുതുന്ന ആൺകുട്ടികൾ ലഹരിക്ക് അടിമകളാണെന്ന സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാത്രി ഒമ്പത് മണിക്ക് ശേഷം ഭക്ഷണം കഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങുന്ന കുട്ടികളെ ശ്രദ്ധിക്കണമെന്നും, ഏഴ് മണിക്ക് ശേഷം മക്കൾ പുറത്തുപോകുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എസ്.ഐയുടെ ചില പരാമർശങ്ങൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്.
ആൺകുട്ടികൾ കണ്ണെഴുതുന്നത് ഫാഷന്റെ ഭാഗമാകാം എന്നിരിക്കെ, അവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന പൊതുവായ പ്രസ്താവന തെറ്റായ സന്ദേശം നൽകുമെന്നാണ് വിമർശകരുടെ വാദം. ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങുന്നവരെ സംശയിക്കുന്നത് ഇന്നത്തെ കാലത്ത് പ്രായോഗികമല്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.