
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ മുതലായ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇങ്ങനെയുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യം. അതില്‍ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം അടക്കം കഴിഞ്ഞ 91 സൈറണുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്.