തിരുവനന്തപുരം: കേരളത്തിൽ നടപ്പാക്കിയ എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വാദിച്ച് കോൺഗ്രസ്, സി.പി.എം., സി.പി.ഐ., മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും നൽകിയ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.(SIR Petitions by the state government and political parties in the Supreme Court today)
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും ഇതേ ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണം എന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ, എസ്ഐആർ തന്നെ ഭരണഘടനാ വിരുദ്ധമാണ് എന്ന വാദമാണ് മുസ്ലിം ലീഗ്, കോൺഗ്രസ്, സി.പി.എം., സി.പി.ഐ. ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ശക്തമായി ഉന്നയിക്കുന്നത്.
അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്ന ആവശ്യം പ്രധാനമായും ഉന്നയിക്കാനാണ് സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. നേരത്തെ ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട സമാനമായ ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സുപ്രീം കോടതി അത് അംഗീകരിച്ചിരുന്നില്ല.