കോഴിക്കോട് : സംസ്ഥാന വ്യാപകമായി നടക്കുന്ന വോട്ടർപട്ടിക തീവ്രപരിശോധന ജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യം പരിഹരിക്കാൻ അധികൃതർ ഉടൻ തയ്യാറാവണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.(SIR is creating fear among the people, says Kanthapuram AP Aboobacker Musliyar)
എസ്.ഐ.ആർ. പൂർത്തിയായ ബീഹാറിൽ ലക്ഷക്കണക്കിന് ആളുകൾ വോട്ടർപട്ടികയിൽ നിന്ന് പുറത്തായതും സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായതും കാന്തപുരം ചൂണ്ടിക്കാട്ടി. പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും ദരിദ്ര സാഹചര്യത്തിൽ ഉള്ളവരുമാണ്.
സമാനമായി കേരളത്തിലും അർഹതപ്പെട്ടവർ പുറത്ത് പോകുമോ എന്ന ആശങ്കയുണ്ട്. എസ്.ഐ.ആറിൻ്റെ മറവിൽ പൗരത്വ പരിശോധനയാണ് യഥാർഥത്തിൽ നടക്കുന്നതെന്ന ഭീതിയും നിലനിൽക്കുന്നതായി കാന്തപുരം പറഞ്ഞു.
തീവ്രപരിശോധനയ്ക്ക് സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ച ചില മാനദണ്ഡങ്ങൾ അടിസ്ഥാന ജനവിഭാഗങ്ങൾക്കും വിദേശത്ത് ജോലിയെടുക്കുന്നവർക്കും സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നുണ്ട്. ഈ സങ്കീർണ്ണതകളിൽ തട്ടി വോട്ടവകാശത്തോടൊപ്പം പൗരത്വംപോലും പ്രതിസന്ധിയിലാകുമോ എന്ന ഭീതിയും നിലനിൽക്കുന്നു.
വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ പരിശോധന നടത്തുന്നതിൽ ആർക്കും എതിർപ്പില്ലെന്നും, എന്നാൽ അത്തരം നടപടികൾ സുതാര്യവും നീതിയുക്തവും ആവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ തീവ്രപരിശോധന നീട്ടിവെക്കണമെന്ന കേരളത്തിൻ്റെ ആവശ്യം നിരസിച്ച സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ വോട്ടർപട്ടിക പരിശോധനയുടെ തുടക്കം മുതൽ ജാഗ്രതയോടെ ഇടപെടുകയും അർഹതപ്പെട്ട ഒരാൾ പോലും പുറത്താവില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. രാഷ്ട്രീയ പാർട്ടികൾ, ഉദ്യോഗസ്ഥർ, സാമൂഹിക സംഘടനകൾ, മാധ്യമങ്ങൾ എന്നിവർ സാധാരണ ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കാനും മുന്നോട്ട് വരണമെന്നും കാന്തപുരം അഭ്യർത്ഥിച്ചു.