തിരുവനന്തപുരം : കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ (SIR ) തദ്ദേശ തിരഞ്ഞെടുപ്പ് തീരും വരെ നീട്ടിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. നടപടികൾക്ക് സാവകാശം വേണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. സർവ്വകക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
കേരളത്തിൽ അടുത്ത മൂന്ന് മാസങ്ങൾക്ക് ശേഷം തദ്ദേശതിരഞ്ഞെടുപ്പും എട്ട് മാസങ്ങൾക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിനിടെ നാല് മാസം സമയം വേണ്ടി വരുന്ന വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നതുകൊണ്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സാവകാശം തേടിയത്.
എസ്‌ഐആർ രാജ്യവ്യാപകമായി നടപ്പാക്കാൻ പത്തുദിവസത്തിനകം സജ്ജമാകാൻ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് (സിഇഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. പ്രതിപക്ഷ പാർടികളുടെ എതിർപ്പുകൾ വകവയ്‌ക്കാതെ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ രാജ്യവ്യാപക എസ്ഐആർ നടപ്പാക്കാനാണ് നീക്കം.