തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കൃത്യമായ രേഖകൾ സമർപ്പിക്കുന്നവരെ നേരിട്ടുള്ള ഹിയറിങ്ങിന് വിളിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളെ അറിയിച്ചു. വോട്ടർ പട്ടികയിലെ കൂട്ട ഒഴിവാക്കലുകളെക്കുറിച്ച് ഉയർന്ന പരാതികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.(SIR in Kerala, No hearing if documents are correct)
2002-ലെ പട്ടികയുമായി ബന്ധുത്വം ഒത്തുനോക്കാൻ കഴിയാത്ത 19.32 ലക്ഷം പേരാണ് നിലവിൽ കരട് പട്ടികയിലുള്ളത്. ഇതിൽ ബി.എൽ.ഒമാർക്ക് നേരിട്ട് ബോധ്യപ്പെട്ടവരെയും പ്രായമായവരെയും ഹിയറിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ പേര് ഉറപ്പിക്കാൻ ജാതി സർട്ടിഫിക്കറ്റ് രേഖയായി ആവശ്യപ്പെടുന്നതിനെ കോൺഗ്രസും മുസ്ലിം ലീഗും ശക്തമായി എതിർത്തു. ഇത് അംഗീകരിക്കാനാവില്ലെന്നും ഇവർ വ്യക്തമാക്കി.
ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. ഇവരെ അപേക്ഷയോ ഹിയറിങ്ങോ ഇല്ലാതെ തന്നെ പട്ടികയിൽ തിരികെ ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ചില മണ്ഡലങ്ങളിൽ ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേർത്ത വോട്ടുകൾ ഇപ്പോൾ കാണാനില്ലെന്നും വ്യാജ വോട്ടുകൾ തടയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായവരെ സഹായിക്കാൻ സർക്കാർ പുതിയ ഉത്തരവിറക്കി. എല്ലാ വില്ലേജ് ഓഫീസുകളിലും രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഹെൽപ് ഡെസ്കുകൾ ഉടൻ പ്രവർത്തനം തുടങ്ങും. തീരദേശ-മലയോര മേഖലകളിൽ അംഗനവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉപയോഗിച്ച് വോട്ടർമാരെ ബോധവത്കരിക്കും. പാർട്ടികളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ അടുത്തയാഴ്ച വീണ്ടും സർവ്വകക്ഷി യോഗം ചേരാൻ തീരുമാനിച്ചു.