തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാകും. വോട്ടർ പട്ടികയിലുള്ളവരുടെ പേര് ഉറപ്പിക്കുകയും വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ഇന്ന് മുതൽ വീടുകളിൽ വിവരശേഖരണത്തിനായി എത്തിത്തുടങ്ങും.(SIR begins in Kerala today, BLOs will reach out)
ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഈ നടപടിക്രമങ്ങൾ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. വിവരങ്ങൾ ഉറപ്പിച്ച ശേഷം, വോട്ടർമാർക്ക് ആവശ്യമായ ഫോമുകൾ ബിഎൽഒമാർ കൈമാറും.
വോട്ടർപട്ടിക പോർട്ടലിൽ പേരുള്ള വിവിഐപിമാരുടെ വീടുകളിൽ ജില്ലാ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാകും നേരിട്ടെത്തി സർവേ നടത്തുക. ഈ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ബിഎൽഒമാർക്ക് ഒരു മാസം പൂർണ്ണമായും എസ്.ഐ.ആർ ഡ്യൂട്ടി ആയിരിക്കും.
കേരളത്തിന് പുറമെ, തമിഴ്‌നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേ ആരംഭിക്കും. ഈ 12 ഇടങ്ങളിലായി ഏകദേശം 51 കോടി വോട്ടർമാരടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കുന്നത്.
കരട് പട്ടിക ഡിസംബർ 9-ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക വരുന്ന ഫെബ്രുവരി 7-ന് പ്രസിദ്ധീകരിക്കും. അതേസമയം, വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ പശ്ചിമബംഗാളിൽ ഇന്ന് ശക്തമായ പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.