എതിർപ്പുകൾ കാറ്റിൽ പറത്തി : കേരളത്തിൽ SIRന് തുടക്കം, ഗവർണർ ഉദ്ഘാടനം ചെയ്തു | SIR

എല്ലാവരും സഹകരിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടത്.
എതിർപ്പുകൾ കാറ്റിൽ പറത്തി : കേരളത്തിൽ SIRന് തുടക്കം, ഗവർണർ ഉദ്ഘാടനം ചെയ്തു | SIR
Published on

തിരുവനന്തപുരം: കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പ് നിലനിൽക്കെ, എസ് ഐ ആർ എന്ന പേരിലുള്ള തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് തുടക്കമായി. രാജ്ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ പരിഷ്കരണ നടപടികൾ ഉദ്ഘാടനം ചെയ്തു.(SIR begins in Kerala, inaugurated by Governor)

എല്ലാവരും സഹകരിക്കണമെന്നും വോട്ടർപട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഗവർണർ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഗവർണർക്ക് എന്യൂമറേഷൻ ഫോം നൽകി നടപടികൾ വിശദീകരിച്ചു.

തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ, ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്.ഐ.ആർ. നടപ്പാക്കുന്നതിനെ ശക്തമായി എതിർത്തു. പൗരത്വ രജിസ്റ്റർ (NRC) നടപ്പാക്കാനുള്ള കേന്ദ്രത്തിൻ്റെ വളഞ്ഞ വഴിയാണ് എസ്.ഐ.ആർ. എന്നും ഇത് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ഒരുമിച്ച് നടപ്പാക്കാനാകില്ലെന്നും കോൺഗ്രസും സി.പി.എമ്മും പ്രതികരിച്ചു.

എസ്.ഐ.ആർ. നീട്ടിവെക്കണമെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കത്തിനോ നിയമസഭ പാസാക്കിയ പ്രമേയത്തിനോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു വിലയും കൽപ്പിച്ചില്ലെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്. നേതാക്കൾ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്.ഐ.ആർ. നീട്ടിവെക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡൽഹിയിൽ പോയി ആവശ്യപ്പെടണമെന്ന് ഇരു മുന്നണികളും ഒരുപോലെ ആവശ്യപ്പെട്ടു.

എന്നാൽ, ഈ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ എസ്.ഐ.ആർ. നടപ്പാക്കുന്നതിൽ നിന്ന് പിന്മാറരുതെന്ന് ബിജെപി പ്രതികരിച്ചു. എല്ലാ എതിർപ്പുകളും നിലനിൽക്കെ, വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com