"സർ, ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, ഞങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കാണൂ"; അടൂരിനു മറുപടിയുമായി ശ്രുതി ശരണ്യം | Controversial remark

ഒന്നരക്കോടി തന്നത് വെറുതെയല്ല, സർക്കാരിന്റെ ഈ പദ്ധതി കൊണ്ട് ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്
Sruthi
Published on

പട്ടികജാതി പട്ടിക വിഭാഗത്തിൽപെട്ടവർക്കും സ്ത്രീകള്‍ക്കുമെതിരായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായിക ശ്രുതി ശരണ്യ. സർക്കാരിന്റെ ഈ പദ്ധതി കൊണ്ട് ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ടെന്ന് സംവിധായിക ശ്രുതി ശരണ്യം പ്രതികരിച്ചു. സിനിമ നിർമിക്കാൻ സർക്കാർ നൽകുന്ന ഒന്നരക്കോടി തങ്ങളുടെ സ്വകാര്യ എക്കൗണ്ടിലേക്കല്ല, മറിച്ച് കെഎസ്എഫ്ഡിസിയുടെ എക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നതെന്നും സിനിമയുടെ നിർമാണ നിർവഹണം മുഴുവനും കെഎസ്എഫ്ഡിസിയുടെ ചുമതലയാണെന്നും ശ്രുതി പറഞ്ഞു.

ശ്രുതി ശരണ്യത്തിന്റെ വാക്കുകൾ:

പ്രിയ അടൂർ സർ, ഇപ്പോഴാണ് ഫിലിം കോൺക്ലേവിലെ താങ്കളുടെ ഇന്നത്തെ പ്രസംഗത്തിന്റെ പൂർണരൂപം ലഭ്യമായത്. അതുകൊണ്ട് മാധ്യമങ്ങൾ പലരും അൽപം മുൻപ് വരെ എന്റെ പ്രതികരണം ആവശ്യപ്പെട്ടപ്പോൾ പോലും ‘അദ്ദേഹം എന്താണ് യഥാർഥത്തിൽ പറഞ്ഞത് എന്നെനിക്കറിയില്ല. അതുകൊണ്ട് ഇപ്പോൾ മറുപടി പറയുന്നില്ല’ എന്നു പറഞ്ഞിരുന്നു. സർ, ഞങ്ങൾക്കാർക്കും സിനിമ ചെയ്യാൻ അങ്ങ് വെറുതേ സർക്കാർ ഒന്നരക്കോടി തന്നതല്ല. ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്ന, നാലോളം റൗണ്ടുകളായുണ്ടായ മത്സരത്തിലൂടെയാണ് ഞങ്ങളുടെ തിരക്കഥകൾ തിരഞ്ഞെടുക്കപ്പെട്ടത്. എന്റെ അറിവിൽ, ഒരോ റൗണ്ടിലും പ്രത്യേകം നിയമിക്കപ്പെട്ട വെവ്വേറെ ജൂറി അംഗങ്ങളായിരുന്നു തിരഞ്ഞെടുപ്പുകൾ നടത്തിയിരുന്നത്.

സർക്കാർ നിർമിതിയിൽ സിനിമകളൊരുക്കിയ ഞങ്ങൾ ചുരുക്കം ചില സംവിധായകർ ഞങ്ങളുടെ സിനിമയ്ക്കുവേണ്ടി അവരവരുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വ്യക്തി ജീവിതത്തിൽ നിന്നുമെല്ലാം ഏകദേശം രണ്ടുവർഷത്തോളം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. ഈ ഒന്നരക്കോടി ഞങ്ങളുടെ സ്വകാര്യ എക്കൗണ്ടിലേക്കല്ല, മറിച്ച് കെഎസ്എഫ്ഡിസിയുടെ എക്കൗണ്ടിലേക്കാണ് സർക്കാർ നിക്ഷേപിക്കുന്നത്. സിനിമയുടെ നിർമാണ നിർവ്വഹണം മുഴുവനും കെഎസ്എഫ്ഡിസിയുടെ ചുമതലയാണ്. അതിൽ ഞങ്ങൾക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഈ സിനിമകളിൽ ഞങ്ങൾക്ക് ലഭിച്ച പ്രതിഫലത്തിനേക്കാൾ കൂടുതൽ തുക ഒരുപക്ഷേ, ഞങ്ങളുടെയൊക്കെ കയ്യിൽ നിന്നും ചെലവായിട്ടുണ്ട്.

ഇനിയൊന്ന് പറയട്ടെ, സർ - സർക്കാർ നിർമാണത്തിലുണ്ടായ എന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. സാമാന്യം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു എന്റേത് എന്നാണെന്റെ വിശ്വാസം. എന്നിട്ടും നാളിന്നേവരെ മലയാളത്തിലെ ഒരു പ്രൊഡ്യൂസർ പോലും ‘കയ്യിൽ എന്തെങ്കിലും സബ്ജക്ട് ഉണ്ടോ’ എന്നു ചോദിച്ചിട്ടില്ല. പല നടീനടൻമാരുടെയും പ്രൊഡ്യൂസർമാരുടെയും വാതിലുകൾ മുട്ടിയിട്ടുണ്ട്. മിക്കവരും കഥകേൾക്കാൻ പോയിട്ട്, അയക്കുന്ന മെസേജുകൾക്ക് മറുപടി പറയാൻ പോലും സന്നദ്ധരായിട്ടില്ല. എന്നാൽ, സ്വന്തമായി സിനിമ നിർമിക്കാനുള്ള സാമ്പത്തിക ശേഷിയില്ലതാനും. ചിത്രലേഖാ ഫിലിം കോ- ഓപ്പറേറ്റിവും, രവീന്ദ്രൻ നായറും ഉണ്ടായത് താങ്കളുടെ ഭാഗ്യം കൂടിയാണ്, സർ. ആ ഭാഗ്യം എല്ലാവർക്കും സിദ്ധിച്ചുകൊള്ളണമെന്നില്ല, പ്രത്യേകിച്ച് സ്ത്രീകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും. മെയിൽ - അപ്പർ ക്ലാസ് പ്രിവിലെജിൽ ജീവിച്ചവർക്ക് ഇപ്പറയുന്ന ബുദ്ധിമുട്ടുകൾ എന്തെന്ന് മനസ്സിലാവുകയുമില്ല, സർ.

ഇതുകൊണ്ടുതന്നെയാണ് ഈ സർക്കാർ പദ്ധതിക്കു തുരങ്കം വയ്ക്കുന്ന ഒരു വാക്കുപോലും ഞാൻ എവിടെയും പറയാത്തത്. ഈ പദ്ധതി കൊണ്ട് എനിക്ക് ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും നഷ്ടങ്ങൾ ഏറെയുണ്ടായിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പുകാരായ പല ഉദ്യോഗസ്ഥരിൽ നിന്നും അപമാനങ്ങൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. അതുവരെ സുഹൃത്തുക്കളെന്നു കരുതിയ പലരും എന്നെ ശത്രുപക്ഷം ചേർത്തിട്ടുണ്ട്. ഇതെല്ലാം സഹിച്ചിട്ടും സർക്കാർ സിനിമാ നിർമാണ പദ്ധതിക്ക് ഞാൻ എതിരു നിന്നിട്ടില്ല. കാരണം, ഇത്തരം ഒരു പദ്ധതിയുള്ളതുകൊണ്ട് എന്റെ ആദ്യത്തെ സിനിമയുണ്ടായി. എന്നെപ്പോലെയൊരാൾക്ക് ഒരു നിർമാതാവിനെ കിട്ടുകയെന്നത് ഇന്നത്തെ നിലയിൽ ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും എനിക്കുണ്ട്.

പിന്നെ താങ്കൾ സൂചിപ്പിച്ചതുപോലെ മതിയായ ട്രെയ്നിങ് ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ സിനിമ ഒരുപക്ഷേ ഇതിലും മെച്ചപ്പെട്ടേനെ. അത് ഞങ്ങൾക്കു മാത്രമല്ല, ആദ്യമായി സിനിമയെടുക്കുന്ന ഏതൊരാൾക്കും ബാധകമാണ്. അതുകൊണ്ടുതന്നെ, താങ്കളുടെ ആ പ്രസ്താവനയെ നല്ല രീതിയിൽ ഉൾക്കൊള്ളാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പിന്നെ താങ്കളേപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, ഞങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോവുകയാണ്.

ഇനി മറ്റൊന്ന് - കച്ചവടസിനിമ, വാണിജ്യസിനിമ, പാരലൽ സിനിമ തുടങ്ങിയ ലേബലുകൾ, നമ്മുടെ ക്രിയാത്മകതയും സാങ്കേതികതയുമെല്ലാം എഐ കയ്യേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന് ചേർന്നതാണോ, സർ?

എന്റെ കാഴ്ച്ചപ്പാടിൽ, ഒരു സിനിമ പറഞ്ഞു വയ്ക്കുന്ന മൂല്യങ്ങൾ തന്നെയാണ് അതിനെ വേറിട്ടതാക്കുന്നത്. ആ അർഥത്തിൽ സർക്കാർ നിർമിതിയിൽ പുറത്തു വന്ന ചിത്രങ്ങളെല്ലാം വേറിട്ടതാണ്. നെറേറ്റിവ് സിനിമയോട് പൊതുവിൽ താത്പര്യക്കുറവുള്ളവർക്ക് ഈ സിനിമകളൊന്നും തന്നെ സിനിമകളായി തോന്നണമെന്നില്ല. എങ്കിലും പൊതുസമൂഹത്തിന് കുറച്ചെങ്കിലും ഈ ചിത്രങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രിയ അടൂർ സർ, കഴിയുമെങ്കിൽ ഞങ്ങളുടെ ചിത്രങ്ങൾ സി സ്പേസിൽ നിന്നെടുത്ത് വല്ല ഓപ്പൺ പ്ലാറ്റ്ഫോമിലും ഇടാൻ കെഎസ്എഫ്ഡിസിയോടു പറയൂ. അങ്ങനെയെങ്കിലും അത് നാലാൾ കാണട്ടെ. കൂട്ടത്തിൽ താങ്കൾക്കും കാണാമല്ലോ, സർ.

വാൽക്കഷണം - ഓരോരുത്തരും ഓരോരോ പ്രസ്താവനകൾ ഇറക്കുന്നത് അവരവരുടെ മൂല്യബോധങ്ങളിലൂന്നിയാണ് എന്നുള്ള തിരിച്ചറിവുള്ളതിനാൽ, ഈ പ്രസ്താവനയെയും മുഖവിലയ്ക്കെടുക്കുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com