

മൈസൂരു: വാനമ്പാടി എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ (65) അന്തരിച്ചു. മൈസൂരുവിൽ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പ്രശസ്ത ഗായിക കെ.എസ്. ചിത്രയാണ് മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്.
എസ്. ജാനകിയുടെ ഭർത്താവ് വി. രാമപ്രസാദിന്റെ മരണശേഷം അവരുടെ എല്ലാ സംഗീത പരിപാടികളിലും റെക്കോർഡിങ്ങുകളിലും നിഴലായി കൂടെയുണ്ടായിരുന്നത് മുരളി കൃഷ്ണയായിരുന്നു. എസ്. ജാനകി സംഗീതരംഗത്ത് സജീവമായിരുന്ന കാലം മുതൽ അവരുടെ യാത്രകളിലെല്ലാം മകൻ തുണയായി നിന്നു.
"സ്നേഹനിധിയായ ഒരു സഹോദരനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. മുരളിയുടെ വിയോഗ വാർത്ത ഏറെ ഞെട്ടലുണ്ടാക്കി. ഈ വലിയ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്ക്ക് ശക്തി നൽകട്ടെ," എന്ന് കെ.എസ്. ചിത്ര കുറിച്ചു. ചെന്നൈയിൽ നിന്ന് മൈസൂരുവിലേക്ക് താമസം മാറിയ ശേഷം അമ്മയോടൊപ്പമായിരുന്നു മുരളിയുടെ താമസം. സംഗീത ലോകത്തെ പ്രമുഖരും ആരാധകരും മുരളി കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.