ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം അഹമ്മദാബാദിലേതിന് സമാനമാണെന്ന് പറഞ്ഞ് പ്രകാശ് ജാവദേക്കർ. ബിജെപിയുടെ വരാനിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങൾ ആണ് അദ്ദേഹം വ്യക്തമാക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമെന്ന് അദ്ദേഹം പറഞ്ഞു.(Similar to Ahmedabad victory, Prakash Javadekar on BJP's victory in Thiruvananthapuram corporation)
1987-ൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതാണ് ബിജെപിയെ ഗുജറാത്തിന്റെ ഭരണാധികാരികളാക്കിയത്. നരേന്ദ്ര മോദി അടക്കമുള്ളവർ അന്ന് നടത്തിയ കഠിനാധ്വാനം എട്ട് വർഷത്തിനുള്ളിൽ ബിജെപിയെ ഗുജറാത്തിൽ അധികാരത്തിലെത്തിച്ചു. സമാനമായ മാറ്റം തിരുവനന്തപുരത്തെ ഭരണത്തിലൂടെ കേരളത്തിലും സംഭവിക്കുംമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു കോർപ്പറേഷൻ എങ്ങനെ മികച്ച രീതിയിൽ ഭരിക്കാം എന്ന് തിരുവനന്തപുരത്ത് ബിജെപി കാണിച്ചുതരും. ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ കേരളത്തിൽ ബിജെപിക്ക് നിർണ്ണായകമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. പാർട്ടിയുടെ അടിത്തറ ശക്തമാക്കാനുള്ള നീക്കങ്ങൾ ഇതിലൂടെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തോട് വലിയ താല്പര്യമുണ്ട്. ആക്രമണത്തിന് ഇരയായ സദാനന്ദനെ എംപിയാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.