തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതിൽ വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ഈ തീരുമാനത്തിലൂടെ സർക്കാർ ലക്ഷ്യം വെച്ചിരിക്കുന്നത്.
പിഎം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ സര്‍വ ശിക്ഷ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഇതിലൂടെ 1158.13 കോടി കേരളത്തിന് നഷ്ടമായി. ഒപ്പിട്ടതിനാൽ 1476 കോടി ഇനി കേരളത്തിന് ലഭിക്കുമെന്നും 971 കോടി സര്‍വ ശിക്ഷ പദ്ധതി പ്രകാരം കിട്ടും .പാഠപുസ്തകം, പെൺകുട്ടികളുടെ അലവൻസുകൾ, പ്രീ പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം പരീക്ഷ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളാണ് ഈ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ബാധിച്ചത് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മര്‍ദത്തിന് വഴങ്ങാൻ സര്‍ക്കാര്‍ തയ്യാറാല്ല. ഇത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഫണ്ട് അല്ലെന്നും നമുക്ക് അവകാശപ്പെട്ടതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കുകയുള്ളു.പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരുകളുടെ മുന്നിൽ പി എം ശ്രീ എന്ന് ചേർക്കുമെന്നാണ് വ്യവസ്ഥ അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്പടിയിലും പറഞ്ഞിട്ടില്ല. അങ്ങിനെ ഒന്നിൽ ഒപ്പുവെച്ചിട്ടും ഇല്ല.
2027 മാർച്ചിൽ പി എം ശ്രീ പദ്ധതി അവസാനിക്കും. കുട്ടികൾക്ക് അവകാശപ്പെട്ടതാണ് ഈ ഫണ്ട്.NCERT വെട്ടിയ ഗാന്ധിവധവും, മുകൾ ചരിത്രവുമടക്കമുള്ള പാഠഭാഗങ്ങൾ കേരളം പ്രത്യേകമായി ഉൾപ്പെടുത്തി അതിൽ പരീക്ഷ നടത്തുകയും ചെയ്തിട്ടുള്ള ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും ഇതേ പാഠഭാഗങ്ങൾ തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കുക അതിൽ മാറ്റമില്ലെന്നും മന്ത്രി കൂട്ടിചേർത്തു.