
ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതി-മത-ഭേദമന്യേ ഓണം ആഘോഷിക്കുന്നു. തിരുവോണ ദിവസം പ്രജകളെ കാണുവാൻവേണ്ടി വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഇടാൻ തുടങ്ങുന്നത്.
‘അത്തം പത്തോണം’ എന്നാണ് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി അതിൽ ചാണകം മെഴുകി പൂക്കളമൊരുക്കുന്നതാണ് പതിവ്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ ഇടാൻ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ. മൂന്നാം ദിവസം മൂന്നിനം പൂവുകൾ. എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനം ഉള്ളൂ. ഉത്രാട നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കുന്നത്.
തിരുവോണ ദിവസം മഹാബലിയെ വരവേൽക്കുന്നതിനായാണ് വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കും. ഇതിനെ 'ഓണം കൊള്ളുക' എന്ന് പറയും. തൃക്കാക്കരയപ്പനെ ചെറിയ പീഠത്തിൽ ഇരുത്തി തുമ്പക്കുടവും പുഷ്പങ്ങളും, കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവിൽ, മലർ തുടങ്ങിയവയും ഇതിനോടപ്പം വെക്കുന്നു. വീട്ടിലെയ്ക്കുള്ള വഴിയിലും മഹാബലിയെ സ്വീകരിക്കാന്‍ പൂക്കളും ചെറിയ തൃക്കാക്കരയപ്പനെയും വെച്ചിരിക്കും.