തിരുവനന്തപുരം: കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര പദ്ധതികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, 70 വയസ്സിലധികം പ്രായമുള്ളവർക്ക് സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ യോജന പദ്ധതിയിൽ കേരളം ഒപ്പുവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Sign the Ayushman Yojana in order to help the poor, says Rajeev Chandrasekhar)
ആയമാർക്ക് ഉൾപ്പെടെയുള്ളവർക്ക് ആനുകൂല്യം പ്രഖ്യാപിക്കാൻ നാലര വർഷം ഭരിച്ചിട്ട് ഇപ്പോഴാണോ സർക്കാരിന് തോന്നിയതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ പി.എം. ശ്രീ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും, ഈ വിഷയത്തിൽ സർക്കാർ രാഷ്ട്രീയം കളിക്കരുതെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
അതേസമയം, അതിദാരിദ്ര്യമുക്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് മറുപടി നൽകി. ക്രെഡിറ്റ് മോദിക്കാണെന്ന് ഒരു കൂട്ടർ പറയുന്നുണ്ട്. എന്നാൽ, ഇന്ത്യ മുഴുവൻ അതിദരിദ്രർ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാം എന്ന് എം.ബി. രാജേഷ് പറഞ്ഞു.