
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്‌പെന്‍ഷനിൽ കഴിഞ്ഞിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരികെയെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. ഇരുവരേയും സർവീസിൽ തിരിച്ചെടുക്കാനുള്ള മാനേജിങ് കൗണ്‍സില്‍ നടപടിക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബവും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിനും ഗവര്‍ണറെ സമീപിച്ചിരുന്നു.
സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച സര്‍വകലാശാല മാനേജിങ് കൗണ്‍സില്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.