എംഎസ്എംഇകളുടെ വികസനത്തിന് പദ്ധതി ആവിഷ്കരിച്ച് സിഡ്ബി

എംഎസ്എംഇകളുടെ വികസനത്തിന് പദ്ധതി ആവിഷ്കരിച്ച് സിഡ്ബി
Published on

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സമഗ്ര വികസനത്തിന് പദ്ധതി ആവിഷ്‌ക്കരിച്ച് സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി). ഡെവലപ്‌മെന്റ് ഓഫ് ഇൻഡസ്ട്രി അസോസിയേഷൻസ് (ഡിഐഎ) എന്ന പേരിൽ ആരംഭിച്ച ദേശീയ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട വ്യാപാരങ്ങളെ വിവിധ ക്ലസ്റ്ററുകളായി തരംതിരിച്ച് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഡൽഹിയിൽ നടന്ന ദേശീയ കോൺക്ലേവിൽ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി എം നാഗരാജു പദ്ധതി ഉദ്‌ഘാടനം ചെയ്തു. നൂതന ആശയങ്ങൾ ലോകത്തിനു നൽകാൻ കഴിയുന്ന തരത്തിൽ ആഗോള ഉൽപാദന കേന്ദ്രങ്ങളായി ഇന്ത്യയിലെ ചെറുകിട വ്യവസായം പരിവർത്തനപ്പെടണമെന്ന് നാഗരാജു പറഞ്ഞു. ഈ ക്ലസ്റ്ററുകളെ ആഗോള തലത്തിലേക്ക് ഉയർത്താൻ വ്യവസായ അസോസിയേഷനുകൾക്ക് സാധിക്കണം. ഡെവലപ്‌മെന്റ് ഓഫ് ഇൻഡസ്ട്രി അസോസിയേഷൻസിലൂടെ ചെറുകിട വ്യവസായങ്ങൾക്ക് സാമ്പത്തിക സുസ്ഥിരതയും ആധുനിക സേവനങ്ങൾ നൽകാനുള്ള ശേഷിയും നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സിഡ്ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ മനോജ് മിത്തൽ അധ്യക്ഷത വഹിച്ചു. വ്യവസായിക വികസന അസോസിയേഷനുകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ആളുകളുടെ സേവനം, മറ്റു സഹായങ്ങൾ എന്നിവ സിഡ്ബിയിലൂടെ ഉറപ്പാക്കും. ഇതിനായി തയ്യാറാക്കിയ കേന്ദ്രീകൃത ഡിജിറ്റൽ പോർട്ടലിലൂടെ അംഗങ്ങൾക്ക് ആശയവിനിമയം, ഗവേഷണം എന്നിവ നടത്താനും സാമ്പത്തിക-സാങ്കേതിക വിവരങ്ങൾ പങ്കുവെക്കാനുമുള്ള സൗകര്യമൊരുക്കും. വികസന കാര്യത്തിൽ, പത്തു വർഷത്തിനിടെ 44000 യൂണിറ്റുകളായി വളർന്ന കർഷക ഉത്പാദക സംഘടനകളിൽ (എഫ്പിഒ) നിന്ന് വളരെയധികം പഠിക്കാനുണ്ടെന്നും മനോജ് മിത്തൽ പറഞ്ഞു. രാജ്യത്തെ 90 വ്യവസായ അസോസിയേഷനുകളിൽ നിന്നായി എൻജിനീയറിങ്, പ്ലാസ്റ്റിക്, പ്രിന്റിങ്, ടെക്സ്റ്റൈൽ, ഭക്ഷ്യ സംസ്കരണം, ഫർണിച്ചർ, ആഭരണം, ഇലക്ട്രോണിക്സ് മേഖലകളിലെ 125 പ്രതിനിധികൾ പങ്കെടുത്തു. വ്യാവസായിക അസോസിയേഷനുകളെ സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനുള്ള നൂതന ആശയങ്ങളെക്കുറിച്ച് കോൺക്ലേവിൽ ചർച്ച നടത്തി.

Related Stories

No stories found.
Times Kerala
timeskerala.com