പാലക്കാട് : പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.പാലക്കാട് അട്ടപ്പാടി കരുവാര ഊരിലുണ്ടായ ദാരുണമായ സംഭവത്തിൽ അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്നേഷ് (നാല്) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്.
മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം ഉണ്ടായത്.അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് മരിച്ച കുട്ടികളുടെ വീട്. എട്ടു വർഷമായി ഈ വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു.
വീടിന്റെ സൺഷേഡിൽ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും