മലപ്പുറം: എസ്.പി. ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് എസ്.പി. സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്.ഐ. ശ്രീജിത്ത് നരേന്ദ്രൻ ജോലി ഉപേക്ഷിച്ചു. സംസ്ഥാന പോലീസ് മേധാവിക്ക് രാജി അറിയിച്ച് അദ്ദേഹം കത്ത് നൽകി. പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും, പകരം തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും കത്തിൽ പറയുന്നു.( SI who filed complaint against SP in tree felling controversy quits job)
മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനായ ശ്രീജിത്ത് നരേന്ദ്രനാണ് മലപ്പുറം എസ്.പി. ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ പരാതി ഉന്നയിച്ചത്. സുജിത്ത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അന്ന് പരാതി നൽകി.
പരാതി ഫയലിൽ സ്വീകരിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയായിരുന്നു എന്നാണ് രാജിക്കത്തിലെ പ്രധാന ആരോപണം. പോലീസ് സേനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ തന്നെ വ്യക്തിപരമായും കുടുംബത്തെപ്പോലും അപമാനിക്കുന്ന തരത്തിലാണ് മുന്നോട്ടുപോയതെന്ന് ശ്രീജിത്ത് നരേന്ദ്രൻ ആരോപിക്കുന്നു.
"തനിക്ക് അനുഭവിക്കാൻ കഴിയുന്നതിനപ്പുറമായി, ഇനി സർവീസിൽ തുടരുന്നതിനോട് യാതൊരു താത്പര്യവുമില്ല" എന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. സേനയോട് കടപ്പെട്ടിരിക്കുന്നുവെന്നും എന്നാൽ സേനയിൽനിന്ന് യാതൊരുവിധത്തിലുള്ള ആനുകൂല്യവും കൈപ്പറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും, അത്രത്തോളം വേദന തനിക്കുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ശ്രീജിത്ത് നരേന്ദ്രൻ കത്ത് അവസാനിപ്പിക്കുന്നത്.