"മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും, നിക്ഷേപിച്ചും ജീവിതം കളയരുത്"- ശ്വേത മേനോൻ | Shweta Menon

ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല എന്ന് ശ്വേത മേനോൻ
Swetha menon
Published on

മക്കൾക്ക് വേണ്ടി പണം നീക്കിവച്ചും, നിക്ഷേപിച്ചും ജീവിതം കളയരുതെന്ന് ശ്വേത മേനോൻ. മക്കൾക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസവും, നല്ല നിമിഷങ്ങളും സെക്യൂരിറ്റിയുമാണെന്ന് പറഞ്ഞ ശ്വേത മേനോൻ, നല്ല ഓർമ്മകൾക്കായി താൻ യാത്രകൾ നൽകാറുണ്ടെന്നും തന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ശ്വേതയുടെ പ്രതികരണം. (Shweta Menon)

"ഞാൻ എന്റെ മകൾക്ക് വേണ്ടി ജീവിക്കില്ല. മകൾക്ക് വേണ്ടി ഞാൻ ഒന്നും ഇൻവെസ്റ്റ് ചെയ്യുന്നില്ല. അവൾക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാൻ കഴിവുണ്ട് എന്നാണ് ഞാൻ കരുതുന്നത്. അവൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്താൽ അവളെ വികലാം​ഗയാക്കുന്നത് പോലെയാണ്. നല്ല വിദ്യഭ്യാസവും ആരോ​ഗ്യവുമാണ് അവൾക്ക് എനിക്ക് നൽകാൻ കഴിയുന്നത്, അതിന് ശേഷം അവൾ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകൾക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓർമകൾക്കായി യാത്രകൾ നൽകാറുണ്ട്. എന്റെ അച്ഛൻ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു." ശ്വേത പറയുന്നു.

"ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് തന്റേതായിരിക്കുമെന്ന് മകൾ പറയും. അല്ലെന്ന് ഞാൻ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാൻ പോകൂ, അഞ്ച് പെെസ തരാൻ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വ​ദിക്കണം. അവൾക്ക് വേണ്ടി സമ്പാദിക്കാൻ ഞാൻ​​ ആഗ്രഹിക്കുന്നില്ല. ഞാനതിൽ വളരെ ക്ലിയർ ആണ്. മക്കൾക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മൾ ചെയ്യുന്ന വലിയ തെറ്റാണത്. നമ്മുക്ക് വേണ്ടി നമ്മൾ ജീവിക്കണം അത് കണ്ടിട്ട് അവർ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവർക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്നേഹവും സെക്യൂരിറ്റിയുമാണ്. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത് നോക്കൂ. അവർക്ക് താൽപര്യമുള്ളതിൽ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്." ശ്വേത മേനോൻ കൂട്ടിച്ചേർത്തു.

അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'കരം' ആയിരുന്നു ശ്വേത മേനോൻ അവസാനം വേഷമിട്ട ചിത്രം. നന്ദിത ബോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ശ്വേത മേനോൻ വേഷമിട്ടത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിച്ച ചിത്രമായിരുന്നു കരം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും ചിത്രത്തിലൂടെ നിർമ്മാണ രംഗത്തേക്കെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com