തിരുവനന്തപുരം: തീവ്രവാദ സംഘടനയിലേക്ക് ചേർക്കാൻ അമ്മ പ്രേരിപ്പിച്ചുവെന്ന മകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് അമ്മക്കെതിരെ യുഎപിഎ പ്രകാരം പോലീസ് കേസെടുത്തു. എന്നാൽ, മൊഴിയിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.(Showed IS videos, UAPA case against mother based on son's statement)
വിദേശത്തായിരുന്നപ്പോൾ തീവ്രവാദ സംഘടനയായ ഐ.എസിൻ്റെ (ISIS) വീഡിയോകൾ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാൻ പ്രേരിപ്പിച്ചുവെന്നുമാണ് മകൻ വെഞ്ഞാറമൂട് പോലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ, മകൻ്റെ മൊഴിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്മയുടെ ആരോപണം. ഇളയ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പോൺ വീഡിയോകൾ കാണുകയും ചെയ്തതിനെത്തുടർന്ന് മകനെ വിദേശത്ത് നിന്ന് നേരത്തെ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. ഇളയ കുഞ്ഞിനെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനും നാട്ടിലേക്ക് മടക്കി അയച്ചതിലുള്ള ദേഷ്യവുമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും അമ്മ ആരോപിക്കുന്നു.
ആദ്യ ഭർത്താവിൻ്റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്മ പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പോലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.