തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആര്‍എസ്എസ് നേതാവ് ജീവനൊടുക്കിയതില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്. ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആനന്ദിനെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് വി ജോയ് പറഞ്ഞു.
വിഷയത്തില്‍ ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ട്. തൃക്കണ്ണാപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ഥിയായി ഒരു ഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്ന ആളാണ് ആനന്ദ്. ആനന്ദ് ഒരു കുറുപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായത്.തന്റെ മൃതശരീരം ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും കാണിക്കരുത് എന്ന് പറയണമെങ്കില്‍ ആനന്ദിന് എത്രത്തോളം മനോവിഷമം ഉണ്ടായിക്കാണുമെന്നും ഇത്തരം മരണങ്ങളുടെ പട്ടിക കൂടിവരികയാണെന്നും വി ജോയ് പറഞ്ഞു.
ബിജെപിയോടൊപ്പം നിന്ന് ഏറ്റവും താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്ന ആര്‍എസ്എസുകാരനാണ്. മാന്യമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് അതിനകത്ത് സ്ഥാനമില്ല. പുത്തന്‍ പണക്കാര്‍ക്കും മാഫിയാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുമാണ് ബിജെപിയില്‍ ഇന്ന് കാര്യമുള്ളത്. ഒന്നര മാസം മുന്‍പാണ് കൗണ്‍സിലറായിരുന്ന തിരുമല അനില്‍ ആത്മഹത്യ ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോള്‍ ആനന്ദിന്റെ ആത്മഹത്യ. ആത്മഹത്യാക്കുറിപ്പില്‍ ആനന്ദ് പറയുന്നത് പതിനാറാമത്തെ വയസ് മുതല്‍ ആര്‍എസ്എസുമായി ചേർന്നു പ്രവര്‍ത്തിച്ചു എന്നാണ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് നിയോഗിച്ചത് അനുസരിച്ച് അവര്‍ക്കായി പ്രവര്‍ത്തിച്ചുവെന്നും പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി ഒന്നാമതായി പരിഗണിച്ചിരുന്നത് തന്റെ പേരാണെന്നും പറഞ്ഞു. പക്ഷെ തന്നെ നിര്‍ദാക്ഷിണ്യം മാറ്റി മാഫിയ പ്രവര്‍ത്തനം നടത്തുന്ന മറ്റൊരാളെ അവിടെ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നു. ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നിന്ദ്യമായ പ്രവര്‍ത്തിയാണത്.
ബിജെപി സീറ്റ് നല്‍കാത്തതുകൊണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയ ആളെ കഴിഞ്ഞ ദിവസങ്ങളില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ, അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഭീഷണിപ്പെടുത്തിയോ സ്ഥാപനത്തില്‍ പോയി ഭീഷണിപ്പെടുത്തിയോ എന്ന് കൃത്യമായി പരിശോധിക്കപ്പെടണം. തന്റെ മൃതശരീരം ആര്‍എസ്എസുകാരെ, ബിജെപിക്കാരെ കാണിക്കരുത് എന്നുകൂടി അദ്ദേഹം അതിനകത്ത് എഴുതിയിരിക്കുകയാണ്. ബിജെപി നേതൃത്വം ഇന്ന് തിരുവനന്തപുരം നഗരത്തില്‍ എടുത്തുകൊണ്ടിരിക്കുന്ന ഒരു പ്രത്യേക രീതി അതാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടാനുള്ളത്. ശക്തമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വി ജോയ് കൂട്ടിച്ചേർത്തു.