തിരുവനന്തപുരം : തന്റെ മകനെ ബി ജെ പി സ്ഥാനാർഥിയാക്കാൻ ശ്രമം നടന്നെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. ഇ.പിയുടെ ‘ഇതാണെന്റെ ജീവിതം’ എന്ന ആത്മകഥയിലാണ് പരാമര്‍ശം. ശ്രമം നടത്തിയത് ശോഭ സുരേന്ദ്രനാണ്. എറണാകുളത്ത് വെച്ച് മകനെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി, നിരന്തരം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാല്‍, അവന്‍ ഫോണെടുത്തില്ല. താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയിൽ പറയുന്നു.
അതെ സമയം, ഇപി ജയരാജന്റെ ആത്മകഥയിൽ സിപിഐഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനമുണ്ട്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമർശനം. ആത്മകഥയുടെ 169-ാം പേജിൽ ഇങ്ങനെ പറയുന്നു.ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നു.
ഇ പി ജയരാജനെ പുകഴ്ത്തിക്കൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം ചെയ്തത്. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു.