

പുനലൂർ: പുനലൂർ ചെമ്മന്തൂരിൽ യുവാവിനെ താമസിക്കുന്ന ഫ്ലാറ്റിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോൻ (29) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ചെമ്മന്തൂർ കോളേജ് ജങ്ഷന് സമീപമാണ് സംഭവം. 2018-ലെ പ്രമാദമായ കെവിൻ കൊലക്കേസിൽ പ്രതിയായിരുന്ന ഷിനുമോനെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു.
ഷിനുമോൻ താമസിച്ചിരുന്ന മൂന്നുനില ഫ്ലാറ്റിന് പിന്നിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ പാടുകളുണ്ട്. ഫ്ലാറ്റിന്റെ മട്ടുപ്പാവിന് (Terrace) കൈവരികൾ ഉണ്ടായിരുന്നില്ല. ഇവിടെനിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഫ്ലാറ്റിന് മുകളിൽനിന്ന് ഷിനുമോന്റെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു.
കോട്ടയം സ്വദേശി കെവിൻ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഷിനുമോൻ പ്രതിയായിരുന്നു. എന്നാൽ വിചാരണക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.പുനലൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധമായ പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിൽ മറ്റ് ദുരൂഹതകൾ ഉണ്ടോ എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.