

കോഴിക്കോട്: സ്വകാര്യ ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും, തുടർന്ന് യുവാവ് ആത്മഹത്യ ചെയ്യാനിടയാവുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയെ (32) കോടതി റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റും.
വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ മെഡിക്കൽ കോളേജ് പോലീസ് ഇന്ന് ഉച്ചയോടെയാണ് പിടികൂടിയത്. പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂർണ്ണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.പയ്യന്നൂർ റൂട്ടിലോടുന്ന 'അൽ അമീൻ' ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ബസിലെ അമിതമായ തിരക്കിനിടയിൽ ദീപക് നിൽക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളതെന്നാണ് സൂചന.
ഷിംജിതയെ കോടതിയിൽ ഹാജരാക്കുമെന്നറിഞ്ഞ് വൻ ജനക്കൂട്ടമാണ് കുന്ദമംഗലത്ത് തടിച്ചുകൂടിയത്. ദീപക്കിന് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വലിയ പോലീസ് സന്നാഹത്തെ തന്നെ സ്ഥലത്ത് വിന്യസിച്ചിരുന്നു.
മനപ്പൂർവ്വം വീഡിയോ എഡിറ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്ന കണ്ടെത്തൽ ഷിംജിതയ്ക്ക് കേസിൽ വലിയ തിരിച്ചടിയാകും. ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.