

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ അപകീർത്തിപ്പെടുത്തുകയും അതുവഴി ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത കേസിൽ റിമാൻഡിലായ ഷിംജിത മുസ്തഫയ്‌ക്കെതിരെ കടുത്ത വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് ശേഷം ആറ് ദിവസം ഒളിവിൽ കഴിഞ്ഞ പ്രതിയെ വടകരയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 108 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
ഷിംജിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കൃത്രിമം നടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വീഡിയോ എഡിറ്റ് ചെയ്ത് ഭാഗികമായി മാത്രം പ്രചരിപ്പിച്ചത് യുവാവിനെ മനപ്പൂർവ്വം ലക്ഷ്യം വെച്ചാണോ എന്ന് കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ ദൃശ്യങ്ങളുടെ പൂർണ്ണരൂപം വീണ്ടെടുക്കും.
പയ്യന്നൂർ റൂട്ടിലോടുന്ന 'അൽ അമീൻ' ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും തിരക്കേറിയ ബസിനുള്ളിലെ ദീപക്കിന്റെയോ ഷിംജിതയുടെയോ ദൃശ്യങ്ങൾ കൃത്യമായി ലഭ്യമല്ല. ഇത് ഷിംജിതയുടെ ആരോപണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊതുസമൂഹത്തിന് മുന്നിൽ ദീപക്കിനെ മോശക്കാരനായി ചിത്രീകരിച്ച് മാനസികമായി തകർക്കാൻ പ്രതി ശ്രമിച്ചുവെന്നാണ് കുടുംബത്തിന്റെ വാദം. കുന്ദമംഗലം കോടതി റിമാൻഡ് ചെയ്ത പ്രതിയെ നിലവിൽ മഞ്ചേരി വനിതാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.