തിരുവനന്തപുരം : രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എം പി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന രാജ്ഹംസ് ത്രൈമാസികയുടെ പ്രകാശന ചടങ്ങിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. മുഖ്യമന്ത്രിയും ഗവർണറും ചടങ്ങിൽ പങ്കെടുത്തു. (Shashi Tharoor MP in Raj Bhavan)
രാജ്ഭവൻ ജനങ്ങളുടെ ഭവനം ആകണമെന്നും എം പി പറഞ്ഞു. ശശി തരൂരിന് പിന്തുണയുമായി ഗവർണർ രാജേന്ദ്ര ആർലേക്കറും രംഗത്തെത്തി. താൻ ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നത് ആണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഇക്കാര്യം ഉന്നയിച്ചത് 2022ലെ ഗവർണേഴ്‌സ് കോൺഫറൻസിൽ ആണെന്നും, കൊളോണിയലിസത്തിൻ്റ ശേഷിപ്പുകൾ കുടഞ്ഞ് കളയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത് തന്നെ തരൂർ ആവശ്യപ്പെട്ടതിന് സന്തോഷം ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനത്തെക്കുറിച്ച് ഗവർണർ പ്രതികരിച്ചില്ല.