കാസർഗോഡ്: ശശി തരൂരിന് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് താൻ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന് വേണമെങ്കിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം പോകാം. എത്രപേർ പോയി. പോയവരുടെ സ്ഥിതിയെല്ലാം നാം കാണുന്നില്ലേ എന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഒരു മനുഷ്യന് ഒരു ജന്മം ഒരു പാർട്ടിയെക്കൊണ്ട് നേടിയെടുക്കാനുള്ള പരമാവധി സ്വന്തമാക്കിയ തരൂരിന് ഇപ്പോൾ എന്താണ് അസ്വസ്ഥതയും അസംതൃപ്തിയും. എന്താണ് ഈ പാർട്ടിയിൽ നിന്ന് അദ്ദേഹം ഇനി നേടാനുള്ളത്.
ബിജെപിയിൽ ചേരുന്നെങ്കിൽ അത് കോൺഗ്രസ് പുറത്താക്കിയിട്ടേ ചേരൂ എന്ന വാശിപിടിച്ചാൽ ഈ ജന്മം അത് നടക്കാൻ പോകുന്നില്ല. അദ്ദേഹത്തിന്‍റെ മനസിലിരുപ്പ് കോൺഗ്രസ് ചെയ്യാൻ പോകുന്നില്ല. ഒരു രക്തസാക്ഷി പരിവേഷമൊന്നും അദ്ദേഹത്തിന് ഞങ്ങൾ കൊടുക്കില്ല. എന്തൊരു അപരാദമാണ് തരൂർ ചെയ്യുന്നത്. ഇയാളെ വച്ച് വാഴിക്കരുത്. പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ വന്നാൽ മുറിച്ചുതന്നെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.