വയനാട്: ശശി തരൂർ എംപിയും കേരളത്തിലെ കോൺഗ്രസ് നേതൃത്വവും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് രമേശ് ചെന്നിത്തല. പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും തരൂരിന്റെ പ്രവർത്തനശൈലി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Shashi Tharoor has no problem with Congress in Kerala, says Ramesh Chennithala)
സാധാരണ നേതാക്കളെപ്പോലെയല്ല അദ്ദേഹത്തിന്റെ പ്രവർത്തനരീതിയെന്നും, മറ്റൊരു തലത്തിൽ പ്രവർത്തിക്കുന്ന ആളായതിനാൽ ചില കാര്യങ്ങളിൽ അദ്ദേഹം സ്വന്തം അഭിപ്രായം പറഞ്ഞേക്കാമെന്നും പറഞ്ഞ ചെന്നിത്തല, അതുകൊണ്ട് അദ്ദേഹം കോൺഗ്രസുകാരനല്ലെന്ന് പറയാനാകില്ല എന്നും കൂട്ടിച്ചേർത്തു. നിലവിൽ പാർട്ടി ക്യാമ്പുകളിൽ അദ്ദേഹം സജീവമായി പങ്കെടുക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത വിജിലൻസ് നടപടിയെ ചെന്നിത്തല പരിഹസിച്ചു. ഇത് വെറും 'ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കൽ' മാത്രമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതായി ചെന്നിത്തല ആരോപിച്ചു.