തിരുവനന്തപുരം : രാജ്‌മോഹൻ ഉണ്ണിത്താൻ എം പി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അദ്ദേഹത്തിൻ്റെ കഴിഞ്ഞ കുറേ കാലമായുള്ള നിലപാട് ദുരൂഹമാണെന്നും, സ്വയം പുറത്തു പോകട്ടെയെന്ന ഹൈക്കമാൻഡിൻ്റെ നിലപാട് സുത്യർഹമാണെന്നും എം പി ചൂണ്ടിക്കാട്ടി. (Shashi Tharoor controversy in Congress)
മുഖ്യമന്ത്രി സ്ഥാനമാണ് തരൂർ പ്രതീക്ഷിക്കുന്നതെന്നും, ഒരു വിശ്വപൗരൻ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസ്സിലാകാത്തത് എന്നും പറഞ്ഞ അദ്ദേഹം, പൂച്ച കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയുന്നില്ല എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടിയെ കൊണ്ട് അദ്ദേഹത്തിന് ആകാവുന്നതെല്ലാമായി എന്നും, തരൂരിനെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധം തീർത്ത കോൺഗ്രസിനോട് അദ്ദേഹം നന്ദികേടാണ് ചെയ്യുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.
ഈ നന്ദികേടിന് അദ്ദേഹം പശ്ചാത്തപിക്കേണ്ടി വരുമെന്നും, എന്തെങ്കിലും ആദർശത്തിന്‍റെ പേരിലല്ല മറുഭാഗത്തേക്ക് പോകാൻ ശ്രമിക്കുന്നത് എന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, മാളിക മുകളിൽ ഏറിയ മന്നന്‍റെ തോളിൽ മാറാപ്പു കേറിയിരിക്കും എന്നും പ്രതികരിച്ചു.