

സുൽത്താൻ ബത്തേരി: കോൺഗ്രസ് പാർട്ടിയിൽ നിന്ന് താൻ അകന്നുപോയിട്ടില്ലെന്നും തന്റെ നിലപാടുകൾ എന്നും പാർട്ടിക്കൊപ്പമാണെന്നും ശശി തരൂർ എംപി. 17 വർഷമായി പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്ന തന്നേക്കുറിച്ച് യാതൊരു വിധത്തിലുള്ള തെറ്റിദ്ധാരണകളുടെയും ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ബത്തേരിയിൽ നടന്ന കോൺഗ്രസ് ലീഡേഴ്‌സ് ക്യാമ്പിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.
തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് തരൂർ ആരോപിച്ചു. ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളോടുള്ള ബഹുമാനം മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താൻ പുകഴ്ത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനകളിൽ നിന്ന് ചില വാക്കുകൾ മാത്രം അടർത്തിയെടുത്ത് വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ അർഹതയുള്ള നിരവധി പേർ കോൺഗ്രസിലുണ്ടെന്ന് തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ആലോചിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയുടെ നിബന്ധനകൾ ഉണ്ടാകാം, എങ്കിലും ഓരോ വ്യക്തികളുടെയും താല്പര്യം കൂടി അതിൽ പ്രധാനമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ സജീവമായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.