

പയ്യന്നൂർ: ഓഹരി വ്യാപാരത്തിലൂടെ വലിയ ലാഭം വാഗ്ദാനം ചെയ്ത് 97.4 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി കെ.പി. മുഹമ്മദ് സലീമിനെയാണ് (23) സൈബർ സെൽ ഇൻസ്‌പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യന്നൂർ അമ്പലം റോഡ് സ്വദേശി വി.വി. ഗണേശനാണ് തട്ടിപ്പിനിരയായത്. 'ജിഎസ്എഎം' (GSAM) എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി വാട്‌സാപ്പ് വഴിയാണ് തട്ടിപ്പുകാർ ഗണേശനെ ബന്ധപ്പെട്ടത്.
2024 ജൂലൈ 3 മുതൽ 23 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് തട്ടിപ്പ് നടന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പലപ്പോഴായി 97,40,000 രൂപ നിക്ഷേപമായി വാങ്ങി. എന്നാൽ വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച തുകയോ തിരിച്ചുനൽകാതെ വന്നതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്.
പയ്യന്നൂർ പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ സൈബർ സെൽ നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളെയും ഫോൺ നമ്പറുകളെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മുക്കം സ്വദേശിയായ സലീം വലയിലായത്. ഇയാൾക്ക് പിന്നിൽ വലിയൊരു ഓൺലൈൻ തട്ടിപ്പ് സംഘമുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.