

മസ്കറ്റ്: ഒമാൻ എയർ മുൻ മാനേജറായിരുന്ന ശാരദ അയ്യർ, സുഹൃത്തുക്കൾക്കൊപ്പം വടക്കൻ ദാഖിലിയ ഗവർണറേറ്റിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ജബൽ ഷംസിൽ ട്രക്കിങ് നടത്തുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസിലെ ദുർഘടമായ പാതയിലൂടെയുള്ള ട്രക്കിങ്ങിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
കരുനാഗപ്പള്ളി തഴവ സ്വദേശിനിയാണ് ശാരദ. അച്ഛൻ രാജദുരൈ അയ്യർ മരിച്ച് ഒരു മാസം പോലും തികയുന്നതിന് മുൻപാണ് ശാരദയുടെ മരണം. കഴിഞ്ഞ ഡിസംബർ 11-നായിരുന്നു രാജദുരൈ അന്തരിച്ചത്.ദീർഘകാലം ഒമാൻ എയറിൽ മാനേജരായി പ്രവർത്തിച്ച ശാരദ മസ്കറ്റിലെ പ്രവാസി മലയാളികൾക്കിടയിൽ സുപരിചിതയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഒമാനിലെ ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്. സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ചിത്ര അയ്യരും കുടുംബവും.