

കൊച്ചി: ഷെയ്ൻ നിഗം നായകനായി സ്പോർട്സ് ആക്ഷൻ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ 'ബൾട്ടി' ഡിജിറ്റൽ റിലീസിനൊരുങ്ങുന്നു. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഈ മാസം അവസാനത്തോടെ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിച്ച 'ബൾട്ടി' കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു കബഡി ക്ലബിന്റെ കഥയാണ് പറയുന്നത്. പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബിലെ ക്യാപ്റ്റൻ കുമാറും ബൾട്ടി പ്ലെയറായ ഉദയനും (ഷെയ്ൻ നിഗം) തമ്മിലുള്ള ആത്മബന്ധത്തിനൊപ്പം അവിടുത്തെ നാട്ടുഗ്രാമത്തിൽ പിടിമുറുക്കുന്ന വട്ടിപ്പലിശക്കാരുടെ പകയും ചതിയുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. സ്പോർട്സിനൊപ്പം മികച്ച ഒരു ആക്ഷൻ ഡ്രാമയായാണ് ചിത്രം അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
സന്തോഷ് ടി. കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ സായ് അഭ്യങ്കർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ.
ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്റാനി, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദുബായ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഗംഭീര പ്രമോഷൻ പരിപാടികളോടെ റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്പോർട്സ് ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി ഈ മാസം അവസാനത്തോടെ 'ബൾട്ടി' നിങ്ങളുടെ ഫോണുകളിലും ടെലിവിഷനുകളിലും ലഭ്യമാകും.