കോഴിക്കോട്: പേരാമ്പ്രയിലെ പോലീസ് ലാത്തിച്ചാർജിന് ശേഷം ഷാഫി പറമ്പിൽ എം.പി. നടത്തുന്ന ആദ്യ വാർത്താ സമ്മേളനം നാളെ (ഒക്ടോബർ 23) നടക്കും. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ഡി.സി.സി. ഓഫീസിലാണ് വാർത്താ സമ്മേളനം.(Shafi Parambil MP's Press meet tomorrow)
പോലീസ് മർദ്ദനത്തിൽ മൂക്കിന്റെ അസ്ഥികൾക്ക് പൊട്ടൽ സംഭവിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഷാഫി പറമ്പിൽ ഇന്ന് കോഴിക്കോട് നടന്ന കോൺഗ്രസ് നേതൃക്യാമ്പിൽ പങ്കെടുത്തു. ഇതോടെയാണ് അദ്ദേഹം പൊതുവേദിയിൽ സജീവമായത്.
കോഴിക്കോട് പേരാമ്പ്രയിൽ യു.ഡി.എഫ്.-സി.പി.ഐ.എം. പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ സംഘർഷത്തെ തുടർന്നുള്ള പോലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് ഗുരുതരമായി പരിക്കേറ്റത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികൾക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മൂന്ന് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്നു.
സി.പി.എം.-യു.ഡി.എഫ്. പ്രവർത്തകർ മുഖാമുഖം വന്നതിനെത്തുടർന്നാണ് പോലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തിയത്. ലാത്തിച്ചാർജിൽ നിരവധി യു.ഡി.എഫ്. പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.