കണ്ണൂർ : കണ്ണൂർ എസ്എൻ കോളജിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എസ്എഫ്ഐ പതിപ്പിച്ച പോസ്റ്റർ കെഎസ്‌യു പ്രവർത്തകർ കീറി കളഞ്ഞു. ഇതേ തുടർന്ന് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് മാതൃകയിലാണ് എസ്എഫ്ഐ പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. കെഎസ്‌യു പ്രവർത്തകയാണ് ആദ്യം പോസ്റ്റർ കീറാൻ തുടങ്ങിയത്.ഇതോടെ എസ്എഫ്ഐ പ്രവർത്തകർ കൂവിവിളിക്കാൻ തുടങ്ങി.
കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ‘ഫൂട്ട് ഓൺ രാഹുൽ’ എന്ന പേരിലാണ് എസ്എഫ്ഐ യൂണിറ്റ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളജ് കവാടത്തിന് മുന്നിൽ വഴിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോട്ടോ പതിച്ച പോസ്റ്ററിൽ ചവിട്ടി നടന്നാണ് വിദ്യാർഥിനികൾ പ്രതിഷേധിച്ചത്.
അതേസമയം, ലൈംഗിക പീഡനക്കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. രാഹുലിനെ പുറത്താക്കാനുള്ള തീരുമാനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ തന്നെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് രാഹുലിനെ പുറത്താക്കിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.