

ആലപ്പുഴ: ജില്ലയിലെ സർക്കാർ ഐ.ടി.ഐ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് കനത്ത തിരിച്ചടി. വോട്ടെടുപ്പിന് മുൻപേ ജില്ലയിലെ ആറ് ഐ.ടി.ഐകളിൽ മൂന്നിടത്തും എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചു. വയലാർ, തോട്ടപ്പള്ളി, ചെങ്ങന്നൂർ വനിത ഐ.ടി.ഐകളിലാണ് എതിരാളികളില്ലാതെ എസ്.എഫ്.ഐ യൂണിറ്റ് പിടിച്ചെടുത്തത്.
നേരത്തെ നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലും പലയിടത്തും കെ.എസ്.യു നാമനിർദ്ദേശ പത്രിക സമർപ്പിക്കാതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി.ഐ തെരഞ്ഞെടുപ്പിലും പത്രിക നൽകാൻ കഴിയാതെ കെ.എസ്.യു പിൻവാങ്ങിയത്. ആലപ്പുഴയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.എസ്.യു നേരിടുന്ന സംഘടനാപരമായ തളർച്ചയാണ് ഇത് വ്യക്തമാക്കുന്നത്.
ആലപ്പുഴയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പല പ്രമുഖ ഐ.ടി.ഐകളിലും എസ്.എഫ്.ഐ വലിയ വിജയം കൊയ്തു.
എറണാകുളം: മരട് സർക്കാർ ഐ.ടി.ഐയിൽ എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചു.
മലപ്പുറം: ജില്ലയിലെ എടപ്പാൾ സർക്കാർ ഐ.ടി.ഐ, വാഴക്കാട് ഐ.ടി.ഐ, നിലമ്പൂർ ഐ.ടി.ഐ, പെരിന്തൽമണ്ണ വനിത ഐ.ടി.ഐ എന്നിവിടങ്ങളിലും എസ്.എഫ്.ഐ എതിരില്ലാതെ ഭരണം പിടിച്ചു.
പ്രധാന ഐ.ടി.ഐകളിൽ കെ.എസ്.യുവിനോ എ.ബി.വി.പിക്കോ പത്രിക സമർപ്പിക്കാൻ കഴിയാത്തത് എസ്.എഫ്.ഐയുടെ രാഷ്ട്രീയ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.